കുറ്റ്യാടി :തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ബിഎല്‍ഒക്ക് പിഴവ് സംഭവിച്ചതായി പരാതി. ഇതോടെ അഞ്ഞൂറോളം പേർ ഹിയറിംഗിന് പോകേണ്ട സാഹചര്യത്തിലാണ് . കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത് . സംഭവത്തിൽ ബിഎല്‍ഒക്കെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പടെ പരാതി നൽകിയിരിക്കുകയാണ് ജനപ്രതിനിധികൾ.
എസ്ഐആറിന്‍റെ പൂരിപ്പിച്ച ഫോം, ബിഎൽഒ ആപ്പിൽ അപ്ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്. 2002ൽ വോട്ട് ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ തെറ്റായ രീതിയിൽ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്തു . ഇതോടെ ഇത്രയും ആളുകൾ വോട്ടർ പട്ടികയിൽ നിന്നും പുറത്തായി . കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിലെ ബിഎൽഒയുടെ ഈ അശ്രദ്ധ സൃഷ്ടിച്ചത് ഗുരുതര പ്രതിസന്ധിയാണ്. 500 ഓളം പേരാണ് പട്ടികയിൽ ഇല്ലാത്തത് .ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഹിയറിങ്ങിനായി ആളുകൾക്ക് തിരിച്ച് വെരേണ്ട സാഹചര്യമാണ്.
തനിക്ക് പിഴവ് സംഭവിച്ചതായി ബിഎൽഒ സമ്മതിക്കുന്നുണ്ട് . എന്നാൽ താൻ അധികൃതരുമായി സംസാരിച്ചു എന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകൾ വീണ്ടും പരിശോധിച്ച് ഹിയറിംഗ് ഒഴിവാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുമാണ് ഇദ്ദേഹത്തിൻ്റെ വാദം . അതേസമയം വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഹിയറിംഗ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.