ന്യൂഡൽഹി: സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾ ജനറൽ വിഭാഗത്തിന്റെ കട്ട് ഓഫ് മാർക്ക് നേടിയാൽ അവരെ ജനറൽ തസ്തികകളിലേക്ക് പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജനറൽ ക്വാട്ടയെന്നത് ആരുടെയും സംവരണമല്ലെന്നും, മികച്ച പ്രകടനം നടത്തുന്നവരെ ജനറലായി നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ റിക്രൂട്ട്മെന്റ് കേസിലാണ് ഈ സുപ്രധാന വിധി.
ഒരു സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥി യാതൊരു ഇളവുകളും ഉപയോഗിക്കാതെ, ജനറൽ വിഭാഗ സ്ഥാനാർഥികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ, അത്തരമൊരു ഉദ്യോഗാർഥിയെ നിയമന പ്രക്രിയയിൽ തുറന്ന തസ്തികകളിലേക്ക് മൽസരിക്കുന്നതായി കണക്കാക്കണമെന്ന് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ജാതി, വർഗം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ ‘പൊതുവിഭാഗം’ എല്ലാവർക്കുമായി തുറന്നിരിക്കുന്നു എന്ന് ആവർത്തിച്ചുകൊണ്ട് സംവരണ വിഭാഗ സ്ഥാനാർഥികളെ പൊതു പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ സുപ്രീംകോടതി നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു.
ജനറൽ വിഭാഗം എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു. ഒരു ഉദ്യോഗാർഥിക്ക് അതിൽ കാണിക്കപ്പെടാനുള്ള ഏക വ്യവസ്ഥ മെറിറ്റ് മാത്രമാണെന്നും ഏതു തരത്തിലുള്ള സംവരണ ആനുകൂല്യം അവർക്ക് ലഭ്യമായി എന്നത് പരിഗണിക്കരുതെന്നും മുൻകാല സുപ്രധാന വിധിയിൽ ( സൗരവ് യാദവ് കേസ്) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി