അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് രാവിലെ നടക്കും. ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പത്ത് മണിക്കാണ് സംസ്കാര ചടങ്ങുകൾ. മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇദ്ദേഹം. വൈകിട്ട് ഏഴ് മണി മുതൽ കളമശേരി ഞാലകം കൺവൻഷൻ സെന്ററിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല അടക്കം നിരവധി നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കെ സി വേണുഗോപാലും പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഉൾപ്പെടെയുള്ള നേതാക്കൾ രാത്രി ആലുവ തോട്ടക്കാട്ടുകരയിലെ വീട്ടിൽ എത്തി അന്ത്യഞ്ജലി അർപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൃതദേഹം സംസ്കാരത്തിനായി ആലങ്ങാട് ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകും. മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്ന ഇബ്രാഹിം കുഞ്ഞ് നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി.