കോഴിക്കോട്: നഗരത്തിൽ രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് (DANSAF) നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നടന്ന റെയ്ഡുകളിലായി 700 ഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു. വിമുക്തഭടനും യുവതിയുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ വാണിമേൽ സ്വദേശി ഷംസീർ പിടിയിലായത്. ഇയാളിൽ നിന്ന് 709 ഗ്രാം എംഡിഎംഎ മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് കണ്ടെടുത്തു.
ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിലെത്തിയ ഉദ്യോഗസ്ഥർ, ഷംസീർ താമസിച്ചിരുന്ന മുറി ബലംപ്രയോഗിച്ച് തുറന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഈ സംഘത്തിലെ മറ്റൊരാൾക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.