തെഹ്റാൻ:സാമ്പത്തിക തകർച്ചക്കെതിരെ ഇറാനിൽ പത്ത് ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ തെഹ്റാൻ ഉൾപ്പടെ പലേടങ്ങളിലും പ്രക്ഷോഭം ശക്തമാണ്. പുറം ശക്തികളുടെ പ്രേരണയിൽ നടക്കുന്ന പ്രക്ഷോഭം രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഇറാൻ സർക്കാർ കുറ്റപ്പെടുത്തി.
29 പ്രക്ഷോഭകർ, നാല് കുട്ടികൾ, രണ്ട് സേനാംഗങ്ങൾ എന്നിവരാണ് ഇതിനകം പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൊല്ലപ്പെട്ടതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.250 പൊലീസ് ഉദ്യോഗസ്ഥർക്കും ഇറാൻ റവല്യൂഷനറി ഗാർഡിന്റെ സന്നദ്ധസേവകരായ ബാസിജ് സേനയിലെ 45 അംഗങ്ങൾക്കും അക്രമ സംഭവങ്ങളിൽ പരിക്കേറ്റതായാണ് വിവരം.
എന്നാൽ, ആളപായവും മറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമല്ല. 31 പ്രവിശ്യകളിൽ 27ലും പ്രക്ഷോഭം തുടരുന്നത് ഇറാൻ ഭരണകൂടത്തിന് വലിയ തലവേദനയായി. ഇലാം പ്രവിശ്യയിൽ പ്രക്ഷോഭകരെ തേടിയെത്തിയ ഇറാൻ സേന നടത്തിയ അതിക്രമങ്ങളെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമർശിച്ചു.
ആശുപത്രി വാർഡുകളിൽ കടന്നുകയറി ജീവനക്കാരെ അടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് എക്സിലെ പോസ്റ്റിൽ യു.എസ് ആരോപിച്ചു. പ്രക്ഷോഭകരെ അടിച്ചമർത്തുന്നത് തുടർന്നാൽ ഇടപെടുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യു.എസ് ഇടപെടൽ ഉണ്ടായാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍ നൽകിയ മറുപടി. ഇറാൻ പ്രക്ഷോഭകർക്ക് തുറന്ന പിന്തുണ നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തുണ്ട്.