മലപ്പുറം : പ്രണയാഭ്യർഥന നിരസിച്ചെന്ന പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളി അശ്വിനെ (25)യാണ് മലപ്പുറം പൊലീസ് പാലക്കാടുവച്ച് അറസ്റ്റ് ചെയ്തത്. മലപ്പുറം ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.
മുണ്ടുപറമ്പ് ബൈപാസിനു സമീപം താമസിക്കുന്ന 28കാരിയെ ഡിസംബർ 29ന് രാവിലെ ഒമ്പതോടെ മലപ്പുറം പെൻഷൻ ഭവൻ റോഡിലാണ് ആക്രമിച്ചത്. അമ്മയെ ജോലി സ്ഥലത്താക്കി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ അശ്വിൻ തടഞ്ഞുനിർത്തി കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. നിലത്തുവീണ യുവതിയുടെ ഹെൽമറ്റ് വലിച്ചൂരി കഴുത്തിനും തലയ്ക്കും കുത്താൻ ശ്രമമുണ്ടായി. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ വലിയ ദു രന്തമൊഴിവായി.
നാട്ടുകാർ ഓടി കൂടിയതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കൊയിലാണ്ടി എത്തി മൊബൈൽ ഫോൺ വിറ്റ പ്രതി ബൈക്കിൽ സംസ്ഥാനം വിട്ടു. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തിങ്കൾ രാത്രി മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, എസ്ഐ എ എം യാസീർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് എത്തിയ പൊലീസ് ചൊവ്വ പുലർച്ചെ പ്രതിയെ പിടികൂടുകയായിരുന്നു.