ഈങ്ങാപ്പുഴ: മാപ്പിളപറമ്പിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്ന് പുലർച്ചെ 3 മണിയോടെ തീപിടിച്ചത്. വീടിൻ്റെ മരത്തടിയിൽ തീർത്ത സീലിംങ്ങ്, വയറിംഗ്, കട്ടിലുകൾ, അലമാര എന്നിവയും അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപയും കത്തിനശിച്ചു.
വീടിൻ്റെ ചുമരിൽ ആകെ വിള്ളൽ വീണിട്ടുണ്ട്. മുഹമ്മദ് മാസ്റ്ററും, മകൾ ജമീലയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. മുക്കം ഫയർഫോഴ്സിൽ വിവരം അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഏകദേശം തീ നാട്ടുകാർ അണച്ചിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റവന്യു അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അഞ്ചു ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.