പത്തനംതിട്ട : 90-കളിലെ സിനിമാക്കഥകളെപ്പോലും വെല്ലുന്ന ‘ഐഡിയ’യുമായി കാമുകിയെയും കുടുംബത്തെയും പ്രീതിപ്പെടുത്താൻ ശ്രമിച്ച യുവാവും സുഹൃത്തും ഒടുവിൽ അഴിക്കുള്ളിലായി. പത്തനംതിട്ട കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ(24), സുഹൃത്തായ കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ്(19) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.രഞ്ജിതുമായി പിണങ്ങിയ കാമുകിയുടെ പിണക്കം മാറ്റാനും കുടുംബാംഗങ്ങളെ പ്രീതിപ്പെടുത്താനുമായി യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തി രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. എന്നാൽ, കാറിടിച്ചതിന് തൊട്ടുപിന്നാലെ രഞ്ജിത് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതിലടക്കം യുവതിക്ക് സംശയം തോന്നിയിരുന്നു. ഈ സംശയം പോലീസിനോടും പറഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോൺവിളി വിവരങ്ങളും പരിശോധിച്ചതോടെയാണ് അപകടം ആസൂത്രിതമാണെന്ന് വ്യക്തമായത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ സത്യം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് രണ്ടുപേരെയും അറസ്റ്റ്‌ചെയ്തത്.യുവതിയും രഞ്ജിത്തും അടുപ്പത്തിലായിരുന്നു
എന്നാൽ, അടുത്തകാലത്ത് ഇരുവരും തമ്മിൽ പിണക്കത്തിലായി. രഞ്ജിത്തിന്റെ ഫോൺകോളുകളും യുവതി എടുക്കാതായി. ഈ പിണക്കം മാറ്റാനും യുവതിയുടെ വീട്ടുകാരിൽനിന്ന് ‘നല്ലപേര്’ സ്വന്തമാക്കാനുമായാണ് രഞ്ജിത്തും സുഹൃത്തായ അജാസും ചേർന്ന് അപകടവും രക്ഷാപ്രവർത്തനവും ആസൂത്രണംചെയ്തത്. ഇതുവഴി യുവതിയെ വിവാഹം കഴിക്കുന്നതിലേക്ക് കാര്യങ്ങളിലെത്തുമെന്നും പ്രതികൾ കരുതി ഇതിനായി ഡിസംബർ 23-നാണ് രഞ്ജിത്തും അജാസും ചേർന്ന് പദ്ധതി നടപ്പാക്കിയത്. അന്നേദിവസം വൈകീട്ട് അഞ്ചരയോടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിർദേശപ്രകാരം അജാസ് ഒരു കാറിൽ പിന്തുടർന്നു. ഇതിനു പിന്നിലായി മറ്റൊരു കാറിൽ രഞ്ജിത്തും സഞ്ചരിച്ചു. തുടർന്ന് വാഴമുട്ടം ഈസ്റ്റിൽവെച്ചാണ് അജാസ് യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയത്. തുടർന്ന് ഇയാൾ നിർത്താതെ പോയി. അപകടമുണ്ടായി നിമിഷങ്ങൾക്കുള്ളിൽത്തന്നെ കാമുകനായ രഞ്ജിത് സ്ഥലത്തെത്തി. കാമുകിയ്ക്ക് അപകടം സംഭവിച്ചതിന്റെ സങ്കടവും ഞെട്ടലുമെല്ലാം അഭിനയിച്ച് ഇയാൾ ഇടപെട്ടു. അപകടത്തിൽപ്പെട്ടത് തന്റെ ഭാര്യയാണെന്നാണ് ഇയാൾ ഓടിക്കൂടിയ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് യുവതിയെ തന്റെ കാറിൽ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാറിടിപ്പിച്ച് വീഴ്ത്തിയ യുവതിക്ക് സാരമായ പരിക്കേറ്റിരുന്നു. ദേഹത്താകെ ചെറിയ മുറിവുകളുണ്ടായി. വലതുകൈക്കുഴ തെറ്റി. തുടർന്ന് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിയും നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവതിക്ക് ചില സംശയങ്ങൾ തോന്നിയത്. അപകടമുണ്ടായ ഉടൻ രഞ്ജിത് സ്ഥലത്തെത്തിയതാണ് പ്രധാനമായും യുവതി സംശയിച്ചത്. അപകടത്തിൽപ്പെട്ടത് തന്റെ ഭാര്യയാണെന്ന് ഇയാൾ നാട്ടുകാരോട് പറഞ്ഞതും സംശയത്തിനിടയാക്കി. ഇക്കാര്യങ്ങളെല്ലാം യുവതി പോലീസിനോടും പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ്, ഉടൻതന്നെ അപകടസ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. അപകടമുണ്ടാക്കിയ കാർ വന്ന വഴിയിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഈ പരിശോധനയിലാണ് യുവതിയെ കാർ പിന്തുടർന്ന് വന്നതാണെന്ന സംശയമുണ്ടായത്. തൊട്ടുപിന്നാലെ രഞ്ജിത്തിന്റെ കാറും വന്നത് സംശയം ബലപ്പെടുത്തി. തുടർന്ന് രഞ്ജിത്തിന്റെ ഫോൺവിവരങ്ങൾ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമായിരുന്നു.
പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ അപകടത്തിന് പിന്നിലെ യാഥാർഥ്യം രഞ്ജിത് വെളിപ്പെടുത്തി. കാമുകിയുടെ പിണക്കം മാറ്റാനും കുടുംബത്തിന്റെ പ്രീതിസമ്പാദിച്ച് വിവാഹത്തിലേക്കെത്താനും വേണ്ടിയാണ് അപകടവും രക്ഷാപ്രവർത്തനവുമെല്ലാം ആസൂത്രണംചെയ്തതെന്നായിരുന്നു പ്രതിയുടെ മൊഴി. രക്ഷകനായി അവതരിച്ചാൽ പിണക്കം മാറുമെന്നും ഇതുവഴി കുടുംബാംഗങ്ങളിൽനിന്നടക്കം നല്ല പയ്യനെന്ന ‘ഇമേജ്’ കിട്ടുമെന്നും യുവാവ് കരുതിയിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്