ബനോനി:ദക്ഷിണാഫ്രിക്കക്കെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ പ്രോട്ടീസിനെ 233 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര സമ്പൂർണ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെ തന്നെ പരമ്പര നേടിയിരുന്നു. അവസാന മത്സരത്തിൽ 394 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക, 35 ഓവറിൽ 160 റൺസിന് ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഇരട്ടപ്രഹരമേൽപ്പിച്ച് കിഷൻ കുമാർ സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ അഞ്ച് ഓവറുകൾക്കുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ നാല് മുൻനിര വിക്കറ്റുകൾ വീണു. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണതോടെ അഞ്ചിന് 50 എന്ന നിലയിലേക്ക് പ്രോട്ടീസ് കൂപ്പുകുത്തി.
ആറാം വിക്കറ്റിലെയും ഏഴാം വിക്കറ്റിലെയും കൂട്ടുകെട്ടുകളാണ് ആതിഥേയരുടെ സ്കോർ 100 കടത്തിയത്. പോൾ ജെയിംസ് (41), ഡാനിയർ ബോസ്മാൻ (40), കോർൺ ബോത്ത (36), ജെയ്സൻ റൗൾസ് (19) എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ വൈഭവ് സൂര്യവംശി ഉൾപ്പെടെ പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. കിഷൻ കുമാർ സിങ് മൂന്നു വിക്കറ്റെടുത്തപ്പോൾ മലയാളിയായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. വൈഭവ് ഉൾപ്പെടെ അഞ്ചുപേർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി