അമേരിക്കയിലെ മേരിലാൻഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കൊല്ലപ്പെട്ടു. നോർത്ത് കരോലിനയിലെ മാർവിനിൽ താമസിച്ചിരുന്ന വെങ്കട ആശ ഖന്ന അപ്പന (48), ഭർത്താവ് കൃഷ്ണ കിഷോർ കോട്ടി കാലപുടി (49) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2:45-ഓടെ മേരിലാൻഡിലെ ഇന്റർസ്റ്റേറ്റ് 95-ൽ വെച്ചായിരുന്നു അപകടം.
മദ്യപിച്ച് തെറ്റായ ദിശയിൽ വാഹനമോടിച്ച 34-കാരനായ മൈക്കൽ കൂപ്പറ്റ് എന്നയാളാണ് അപകടമുണ്ടാക്കിയത്. പ്രതി സഞ്ചരിച്ചിരുന്ന ടൊയോട്ട സെക്വോയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ആശ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കൃഷ്ണ കിഷോറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ മൈക്കൽ കൂപ്പറ്റിനെ മേരിലാൻഡ് സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഗുരുതരമായ പത്തു വകുപ്പുകൾ ചുമത്തിയിട്ടുണ്ട്
അപകടത്തിൽ ദമ്പതികളുടെ മക്കളായ ശിവാനി (21), സുചയ് (16) എന്നിവർ അതീവ ഗുരുതരാവസ്ഥയിലാണ്. നിലവിൽ ഇരുവരും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനകം തന്നെ കുട്ടികൾ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുണ്ട്.