മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽനിന്നു പ്രസവം കഴിഞ്ഞു മടങ്ങി രണ്ടരമാസത്തിനുശേഷം യുവതിയുടെ ശരീരത്തിൽനിന്നു തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ ജെറാൾഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ആരോഗ്യവകുപ്പ് ഡയറക്ടർക്കു റിപ്പോർട്ട് കൈമാറി. പരാതിക്കാരിയായ മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി(21)യോട് അന്വേഷണസംഘം മണിക്കൂറുകളോളം സംസാരിച്ചു.
ശരീരത്തിൽനിന്നു ലഭിച്ച തുണിയുമായാണ് യുവതി എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ പ്രയാസമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലവഹിക്കുന്ന ഡോ. ആൻസി മേരി ജേക്കബ് പറഞ്ഞു.
മെഡിക്കൽ കോളേജിന് മുന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ബിജെപി എന്നീ സംഘടനകളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എടവക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യുള്ളതിൽ മുസ്തഫ, ഭർത്താവിന്റെ അമ്മ ശ്രീജ, സഹോദരി ശ്രിബിന എന്നിവർക്കൊപ്പം കൈക്കുഞ്ഞുമായാണ് യുവതി എത്തിയത്. ശരീരത്തിൽനിന്നു ലഭിച്ച തുണി ആശുപത്രിയിൽനിന്നുള്ളതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായി ദേവി പറഞ്ഞു. എന്നാൽ, ഇത് ചികിത്സയ്ക്കിടെ സംഭവിച്ച പിഴവായി ആരോഗ്യവകുപ്പ് ഔദ്യോഗികമായ സ്ഥിരീകരണം നൽകിയില്ല.
കഴിഞ്ഞദിവസം യുവതി മന്ത്രി ഒ.ആർ. കേളുവിനും പരാതിനൽകിയിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. യുവതിയുടെ ആരോപണം തള്ളുന്നതാണ് പ്രാഥമിക റിപ്പോർട്ടെന്നാണ് സൂചന. തുണിക്കഷണത്തിൽ രക്തം പുരണ്ടിട്ടില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് സൂപ്രണ്ട് മന്ത്രിക്കു നൽകിയ മറുപടിയിലുള്ളതെന്നാണ് സൂചന. യുവതിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയെന്നു പറയുന്ന തുണിക്ക് വലുപ്പം കൂടുതലുള്ളതായും ഇങ്ങനെയുള്ള തുണി 75 ദിവസം ഉള്ളിൽക്കിടന്നാൽ ശക്തമായ വയറുവേദനയും പനിയും നീരൊഴുക്കും ഉണ്ടാകുമെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.