തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നല്‍കുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലായ് മുതല്‍ സംഘടന പ്രതിഷേധത്തിലാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെ തുടർന്നാണ് സമരം കടുപ്പിക്കുന്നത്.
അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തരശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ പ്രതിഷേധപരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാനപ്രസിഡന്റ് ഡോ. ടി. റോസ്നാരാബീഗവും ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദും അറിയിച്ചു