ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ വലിയ രാഷ്ട്രീയ വിവാദം. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. സിപിഎം, കോൺഗ്രസ്, രൈജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ എംഎൽ (എൽ), എന്നിവരാണ് സംയുക്തമായി പരാതി നൽകിയിരിക്കുന്നത്.
ഗുവാഹത്തിക്കടുത്തുള്ള ദിസ്‌പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷ ദിലീപ് സൈകിയയും സംസ്ഥാനത്തെ മന്ത്രി അശോക് സിംഘലും 60 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ പേരുകൾ വെട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോവുകയാണ്. ഇതിൻ്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി പത്തിന് പുറത്തിറക്കും. മാർച്ച് - ഏപ്രിൽ മാസങ്ങളിലായി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.
ജനുവരി നാലിന് നടന്ന നേതൃയോഗത്തിൽ 60 മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ ആവശ്യമായ പ്രവർത്തനം നടത്താൻ എംഎൽഎമാർക്ക് ബിജെപി പ്രസിഡൻ്റ് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ മേൽനോട്ട ചുമതല മന്ത്രി അശോക് സിംഘലിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്