കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് സ്വർണപാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റിലായ തന്ത്രിയെ രാത്രി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശചെയ്തു. താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്. ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ദേവസ്വം ബോർഡ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം, പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്‌ഐടി പറയുന്നു. അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ 13-ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്. വെള്ളിയാഴ്ച പുലർച്ചെയാണ് എസ്‌ഐടി തന്ത്രിയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്. തുടർന്ന് മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകീട്ടോടെ പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. രാത്രി എട്ടുമണിയോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിൻ്റെ വസതിയിൽ ഹാജരാക്കിയ തന്ത്രി കണ്ഠരര് മോഹനരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ചെയ്തു. പ്രതിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രതിയുടെ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.
അതേസമയം, വെള്ളിയാഴ്ച ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികൾതന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലുമുള്ളത്.