മലപ്പുറം: സിഎച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയാതെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾ. വെബ്‌സൈറ്റിൽ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയാത്തതാണ് പ്രതിസന്ധിയിലാക്കിയത്. സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ നൽകിയ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി.
അപേക്ഷിക്കാൻ അനുവദിച്ചത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണെന്നും സമയം നീട്ടി നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. മറ്റു സ്‌കോളർഷിപ്പുകൾക്ക് രണ്ടോ മൂന്നോ മാസം അപേക്ഷ സമയമുള്ളിടത്ത് സിഎച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനായി പത്തോ പതിനഞ്ചോ ദിവസം മാത്രമാണ് നൽകുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഒരു മാസമെങ്കിലും അപേക്ഷിക്കാനുള്ള കാലാവധി നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് വേണ്ടിയുള്ളതാണ് സിഎച്ച് സ്‌കോളർഷിപ്പ്. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗങ്ങളിൽപെട്ട വിദ്യാർഥിനികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്