തിരുവന്തപുരം: പുതുവര്‍ഷത്തിലെ ആദ്യത്തെ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ വില. രാജ്യാന്തര വിപണിയില്‍ ലാഭമെടുപ്പ് തുടരവെ കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ടാണ്. പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയായി. ഈ വര്‍ഷം 13 ദിവസത്തിനിടെ 5,480 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായി.
രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 4,600 ഡോളറിന് മുകളിലേക്ക് പോയതിന് പിന്നാലെ സ്വര്‍ണത്തില്‍ ലാഭമെടുപ്പാണ്. തിങ്കളാഴ്ച സ്വര്‍ണ വില 4629.94 ഡോളറിലെത്തി സര്‍വകാല ഉയരം കുറിച്ചിരുന്നു. നിലവില്‍ 4,591.90 ഡോളറിലാണ് വ്യാപാരം. ഇന്നലെ കേരളത്തില്‍ വില നിശ്ചയിക്കുന്ന സമയത്ത് രാജ്യാന്തര വിപണിയില്‍ 4,570 ഡോളര്‍ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ഇന്ന് രാവിലെ രൂപ ഏഴു പൈസ നഷ്ടത്തില്‍ 90.24 നിലവാരത്തിലാണ വ്യാപാരം ആരംഭിച്ചത്. ഇതടക്കമുള്ള കാരണങ്ങള്‍ കേരളത്തില്‍ വില വര്‍ധിക്കാന്‍ കാരണമായി.
ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനെതിരെ നിലപാട് കടുപ്പിച്ച യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി വ്യാപാരം നടത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ 25 ശതമാനം അധിക താരിഫ് ചുമത്തി. വെനസ്വേലന്‍ അധിനിവേശത്തിന് ശേഷം യു.എസ് ഗ്രീന്‍ലാന്‍ഡ് ലക്ഷ്യമിടുന്നതും സ്വര്‍ണത്തിന് അനുകൂലമാവുകയാണ്.
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരെ ട്രംപ് സര്‍ക്കാര്‍ ആരംഭിച്ച ക്രിമിനല്‍ നടപടി യു.എസ് കേന്ദ്ര ബാങ്കിന്‍റെ സ്വാതന്ത്ര്യത്തെയും യു.എസ് ആസ്തികളുടെ വിശ്വാസ്യതയ്ക്കും ഭീഷണിയാണ്. ഈ ഘട്ടത്തില്‍ നഷ്ടത്തിലേക്ക് വീണ ഡോളര്‍ നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 118,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്.