കൊച്ചി: ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം പാക്കറ്റുകളിലാക്കി വില്‍ക്കുന്ന 'ആടിയ ശിഷ്ടം നെയ്യ്' വില്‍പ്പനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
മകരവിളക്ക് സീസണ്‍ തിരക്കിനിടയില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. വില്‍പ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 100 മില്ലി ലിറ്റര്‍ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടില്‍ ഉണ്ടായിരിക്കുന്നത്.
നേരത്തെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളില്‍വെച്ച് അനധികൃതമായി നെയ്യ് വില്‍ക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ദേവസ്വം കൗണ്ടറുകള്‍ വഴി മാത്രം വില്‍പ്പന നടത്താന്‍ തീരുമാനിച്ചയിടത്താണ് ഇപ്പോള്‍ പുതിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്.
വില്‍പനയില്‍ ക്രമക്കേട് നടന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി പുതിയ അന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മാത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.