പാറശ്ശാല:മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് കുത്തേറ്റ് രക്തം വാർന്ന് മരിച്ചു. വ്ളാത്താങ്കര സ്വദേശി കുളത്തൂർ അരുവല്ലൂർ ഊടുപോക്കിരി കുന്നൻവിള വീട്ടിൽ മനോജ് (40) ആണ് മരിച്ചത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അരുവല്ലൂരിൽ ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് പനകയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്‌തു.
പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു. മനോജിന്റെ കൈയ്യിലും കാലിലും ഗുരുതരമായി വെട്ടേറ്റു.
മനോജിന്റെ കത്തി ശശിധരൻ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഇവർ തമ്മിൽ നേരത്തെയും വഴക്കുകൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ശശിധരനെ കണ്ടെത്താൻ പൊഴിയൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.