കോഴിക്കോട്/ദുബൈ: എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിച്ചെങ്കിലും ആശങ്ക വിട്ടുമാറാതെ പ്രവാസികൾ. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി പൂരിപ്പിച്ചു നൽകേണ്ട ഫോം ആറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ് പല പ്രവാസികളുടെയും ആശങ്കയുടെ കാരണം.
ഈ ഫോമിൽ ജന്മസ്ഥലം പൂരിപ്പിച്ചു നൽകണം. നിലവിൽ ഫോമിൽ ഇന്ത്യയിലെ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്താനാകുന്നത്.
വിദേശത്തു ജനിച്ച അനേകായിരം പ്രവാസികൾ വോട്ടർ പട്ടികയിൽ നിന്നു പുറത്താക്കാൻ ഇതു കാരണമാകുമെന്ന് റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി പ്രവാസി സംഘടനകൾ നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ടി വരുമെന്നാണ് കരുതുന്നത്.
നേരത്തേ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങുകൾക്ക് പ്രവാസികൾ നേരിട്ടു ഹാജരാകണമെന്ന് നിബന്ധനയുണ്ടായിരുന്നു. പിന്നീട് നേരിട്ട് ഹാജരാകാതെ രേഖകൾ നൽകിയും പരിശോധന പൂർത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിക്കുകയായിരുന്നു. രേഖകളിൽ മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കും അസി. ഇലക്ടറൽ ഓഫീസർക്കും നടപടി പൂർത്തിയാക്കാനുള്ള സംവിധാനം നിലവിൽ വന്നിരുന്നു.
വിദേശത്തു ജനിച്ചവർക്കും ഫോം ആറിൽ ജന്മസ്ഥലം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയില്ലാ എങ്കിൽ ഏകദേശം 5 ലക്ഷം പേർക്കെങ്കിലും വോട്ട് ചെയ്യാനാകില്ല. ഇതാണ് പ്രവാസി സംഘടനകളുടെ പ്രധാന ആശങ്ക.
കെഎംസിസിയും പ്രവാസി കോൺഗ്രസും അടങ്ങുന്ന സംഘടനകൾ പ്രവാസികളെ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും സമഗ്ര വോട്ടർ പട്ടികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമായി ക്യാമ്പുകൾ നടത്തി വരികയാണ്.