ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനമേഖലയിലേക്ക് പിൻവാങ്ങി. ഇവർക്കായി പ്രദേശത്ത് വൻ തിരച്ചിൽ തുടരുകയാണ്.
കത്വയിലെ ഉൾപ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ പ്രകോപനമില്ലാതെ വെടിയുതിർത്തത്. സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച് ആസൂത്രിതമായ ആക്രമണമാണ് ഭീകരർ നടത്തിയത്. ഉടൻ തന്നെ പ്രതിരോധം തീർത്ത ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ കത്വയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി പ്രദേശം വളഞ്ഞു.ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.മേഖലയിലെ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമ്മു മേഖലയിൽ ഭീകരരുടെ സാന്നിധ്യം വർധിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കത്വയിൽ ആക്രമണം ഉണ്ടായത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൈനികർക്ക് നേരെയുള്ള ഈ നീക്കം.