കോഴിക്കോട്: ഉത്സവ ചടങ്ങുകൾക്കിടെ കുഴഞ്ഞു വീണ ആന ചെരിഞ്ഞു. ബാലുശ്ശേരി ഗജേന്ദ്രനാണ് ചരിഞ്ഞത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഇന്ന് പുലർച്ചെ ബാലുശ്ശേരിയിൽ നിന്നും ലോറിയിൽ മലപ്പുറം വള്ളിക്കുന്നെ നെറുങ്കൈത കോട്ട അയ്യപ്പ ക്ഷേത്രത്തിലെത്തിച്ചതായിരുന്നു. വെള്ളം കൊടുത്ത ശേഷം ഉത്സവത്തിലെ ചടങ്ങുകൾക്കായി ക്ഷേത്ര മുറ്റത്ത് നിർത്തി. തുടർന്ന് പെട്ടെന്ന് ക്ഷീണിതനാവുകയും അല്പ സമയത്തിനുള്ളിൽ തന്നെ ചരിയുകയുമായിരുന്നു.
വനം വകുപ്പ് അധികൃതരും ഡോക്ടറും ക്ഷേത്രത്തിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വാളയാറിലേക്ക് കൊണ്ടു പോകും. സംസ്ക്കാര ചടങ്ങുകൾ വാളയാറിൽ നടക്കും. നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു ഗജേന്ദ്രൻ 20 വർഷമായി ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ്.