കോഴിക്കോട്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നിർത്തിവെച്ചിരുന്ന കുവൈത്ത്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. മാർച്ച് ഒന്ന് മുതലാണ് സർവീസുകള്‍ തുടങ്ങുക. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സർവീസുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisement
വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ മുതലാണ് കുവൈത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് നിർത്തിയത്. കോഴിക്കോടിനൊപ്പം നിർത്തിവെച്ച കണ്ണൂർ സർവീസ് എന്നാണ് തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. നേരത്തെ കോഴിക്കോടേക്ക് അഞ്ച് സർവീസുകളും കണ്ണൂരിലേക്ക് രണ്ട് സർവീസുകളുമാണ് കുവൈത്തില്‍ നിന്ന് ഉണ്ടായിരുന്നത്. എന്നാൽ പുതിയ ഷെഡ്യൂള്‍ പ്രകാരം കോഴിക്കോടേക്കുള്ള വിമാനങ്ങളുടെ എണ്ണം മൂന്നായി കുറച്ചിട്ടുണ്ട്.
നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ വലിയ തുക നല്കി കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസകരമാണ്. കുവൈത്തില്‍ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകള്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ വലിയ യാത്രാദുരിതം നേരിട്ടിരുന്നു.