കൊച്ചി: റോഡിലെ കുഴികളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു. കോഴിക്കോട് പന്നിക്കോട് സ്വദേശിയും കെഎസ്ഇബി ലൈൻമാനുമായ ലുക്മാനുൽ ഹക്കീമിനെതിരെയുള്ള വകുപ്പുതല നടപടിക്കാണ് കോടതി രണ്ട് മാസത്തേക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചത്
മുക്കം, കാരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ലുക്മാനുൽ ഹക്കീം പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ലുക്മാൻ എഞ്ചിനീയറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
ഇതിന് പിന്നാലെ ലുക്മാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് കെഎസ്ഇബിയെ സമീപിച്ചു. തുടർന്ന് ലുക്മാനെ പൊന്നാനിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.
തന്നെ ലക്ഷ്യം വെച്ചുള്ള പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്ന് കാണിച്ച് ലുക്മാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു. ലുക്മാനു വേണ്ടി അഡ്വ. അമീൻ ഹസ്സനാണ് കോടതിയിൽ ഹാജരായത്.
ഒരു പൗരൻ എന്ന നിലയിൽ ഉദ്യോഗസ്ഥരോട് റോഡ് പരാതി അറിയിച്ചതിന് രാഷ്ട്രീയ സമ്മർദം മൂലം ജോലിയിൽ പീഡിപ്പിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഇടപെടൽ.