മീനങ്ങാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ സ്ഥിരം മോഷ്ടാവിനെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി അത്തിനിലം നെല്ലിച്ചോട് പുത്തൻ വീട്ടിൽ സരുൺ എന്ന ഉണ്ണി ആണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 11.30-ഓടെ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് ഇയാൾ വലയിലാകുന്നത്. മീനങ്ങാടി ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മീനങ്ങാടിയിലെ ഫുട്ബോൾ ടൂർണമെന്റ് ഗ്രൗണ്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
മീനങ്ങാടിക്ക് പുറമെ കേണിച്ചിറ, അമ്പലവയൽ സ്റ്റേഷൻ പരിധികളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിനും, ബൈക്ക് മോഷണത്തിനും ഇയാൾക്കെതിരെ കേസുകളുണ്ട്. പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ഇയാളെ പിടികൂടിയ ശേഷം തുടർനടപടികൾക്കായി കേണിച്ചിറ പോലീസിന് കൈമാറി.അന്വേഷണ സംഘത്തിൽ എസ്.ഐ സനൽ, ഉദ്യോഗസ്ഥരായ വരുൺ, ഷൈജു, രജീഷ്, അജിത്, മോഹൻദാസ് എന്നിവരുമുണ്ടായിരുന്നു.