താമരശ്ശേരി: കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിൽ താമരശ്ശേരി റേയ്ഞ്ച് കണലാട് സെക്ഷനും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി കാട്ടുതീ ബോധവൽക്കരണ മിനി മാരത്തൺ സംഘടിപ്പിച്ചു. കാട്ടുതീ മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ചും വനസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച മിനിമാരത്തൺ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാകുഴി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ മുഖ്യാതിഥിയായി. തുഷാരഗിരിയിൽ നിന്നും ആരംഭിച്ച് ചിപ്പിലിത്തോട് അവസാനിച്ച മിനി മാരത്തണിൽ മർക്കസ് ലോ കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ ചമരംപറ്റ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറോളം എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കെടുത്തു. പുതുതലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെയും വനവിഭവത്തിന്റെയും ആവശ്യകതകളും, പ്രകൃതി മനുഷ്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചും പശ്ചിമഘട്ട വനമേഖല കാലാവസ്ഥാവനങ്ങളിൽ നിർണായകമാകുന്നതിനെക്കുറിച്ചും റെയിഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ഷാജീവ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻറ് മുഹമ്മദ് എരഞ്ഞോണ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആർ.ഡി.എഫ് ഒ. ഷാജീവ് സ്വാഗതവും തുഷാരഗിരി വാർഡ് മെമ്പർ ബാബു പട്ടരാട്, മർക്കസ് ലോ കോളേജ് എൻഎസ്എസ് കോഡിനേറ്റർ ഇബ്രാഹിം, ജിഎച്ച്എസ് ചമ്മരംപറ്റ എൻ.എസ്.എസ് കോഡിനേറ്റർ സുബിൻ, ഷാഹിദ് കുട്ടമ്പൂർ എന്നിവർ ആശംസകളർപ്പിച്ചു. ഗ്രീൻ ബ്രിഗേഡ് ജനറൽ സെക്രട്ടറി ഷൗക്കത്ത് നന്ദിയും പറഞ്ഞു. ഫോറസ്റ്റ് കണലാട് സെക്ഷൻ ഓഫീസർ ഷൈരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്സ്, ഫോറസ്റ്റ് ആർ ആർ ടി ഓഫീസേഴ്സ് തുടങ്ങിയവരും ഇരുപതോളം ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മാരത്തൺ വിജയികൾക്ക് മെഡലുകളും കൈമാറി.