ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദ്വാരപാലക ശില്പ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം അറസ്റ്റ് ചെയ്തിരുന്നത് കട്ടിളപ്പാളി കേസിൽ ആയിരുന്നു. നിലവിൽ റിമാൻഡിലാണ് തന്ത്രി. ജയിലിൽ എത്തിയാണ് അറസ്റ്റ് നടപടികൾ എസ് ഐ ടി പൂർത്തിയാക്കിയത്.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ മാറ്റുന്നതിനായി ‘അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വർണ്ണത്തിന് തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിനുപിന്നാലെയാണ് ഈ സ്വർണ്ണം ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തന്ത്രി അനുവാദം നൽകിയത്. സ്വർണ്ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും, ഇത് ഗുരുതരമായ ആചാരലംഘനമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണ്ണം പൊതിഞ്ഞ ‘വാജി വാഹനം’ (കുതിരയുടെ രൂപം) കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം നിലവിൽ ചോദ്യം ചെയ്തു വരികയാണ്