കൽപ്പറ്റ: നഗരത്തിൽ സമയക്രമം തെറ്റിച്ചോടിയെന്ന് ആരോപിച്ച് ലോറിക്ക്
നേരെ പോലീസ് കല്ലെറിയുകയും, ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിക്കുകയും ചെയ്തതായി പരാതി. കോഴിക്കോട് ചേളന്നൂർ സ്വദേശി സോനു (34) വിനാണ് മർദ്ദനമേറ്റത്. ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിലാണ് സംഭവം. രാവിലെ എട്ട് മണിക്ക് ശേഷം ചരക്ക് വാഹനം നഗരത്തിലൂടെ പോയത് തടയാൻ പോലീസ് കൈകാണിച്ചെങ്കിലും ലോറി നിർത്തിയില്ല. തുടർന്നാണ് പോലീസ് കല്ലെറിഞ്ഞതെന്നാണ് ആക്ഷേപം. കല്ലേറിൽ ലോറിയുടെ മുൻവശത്തെ ഗ്ലാസ് തകർന്നു. തുടർന്ന് സോനുവിനെ വലിച്ച് താഴെയിറക്കി റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട് ഗുരുതരമായ ചികിത്സയിലായിരുന്ന സോനുവിന് തൊണ്ടയിൽ ശസ്ത്രക്രിയ നടത്തിയതിനാൽ സംസാരത്തിന് അവ്യക്തതയുണ്ട്. ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും കണ്ട് മദ്യപിച്ചതാണെന്ന് തെറ്റിദ്ധരിച്ചാകാം പോലീസ് ക്രൂരമായി പെരുമാറിയതെന്ന് കുടുംബം പറയുന്നു. പോലീസ് നടപടിക്കെതിരെ ലോറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.