റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം ഉരുണ്ടു കൂടിയ സാഹചര്യത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഗൾഫ് രാജ്യങ്ങൾ. ഏറ്റവും നിർണ്ണായകമായ നിലപാട് ഇപ്പോൾ പ്രമുഖ ഗൾഫ് രാജ്യമായ സഊദി അറേബ്യ പ്രഖ്യാപിച്ചു കഴിഞ്ഞു. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ സഊദിയുടെ ഈ നിലപാട് നിർണായകമാണ്.
ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സഊദി അറേബ്യ വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സഊദി അറേബ്യൻ സർക്കാറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയും അൽ അറബിയയുമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാനെതിരായ നീക്കങ്ങൾ അമേരിക്ക സജീവമാക്കുന്നതിനിടെ, അയൽ രാജ്യങ്ങളുമായി സഊദി അറേബ്യ നീക്കങ്ങൾ നടത്തുന്നുണ്ട്. സഊദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് സഊദി മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, അതിന്റെ മറവില്‍ ആക്രമണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യു.എസിലെ ട്രംപ് ഭരണകൂടത്തോട് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് തയ്യാറെടുക്കാന്‍ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, മേഖലയിലെ സമാധാനവും എണ്ണ വിപണിയും കണക്കിലെടുത്ത് അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ട്രംപിനെ ആശങ്ക അറിയിച്ചതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാല്‍ അത് ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെപ്പോലും പിന്നോട്ടടിക്കുമെന്നും യു.എസ് സഖ്യകക്ഷികളായ സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വൈറ്റ് ഹൗസിനെ അറിയിച്ചു.
ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സഊദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തി.