കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കിടപ്പുമുറിയിൽ മരിച്ചത്.
തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. സ്ഥിരം ഉപദ്രവകാരിയാണ്.
സന്തോഷിന്റെ ആക്രമണം സഹിക്ക വയ്യാതെ രാത്രിയിൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ രാമകൃഷ്‌ണൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസമയത്ത് രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
പലവട്ടം സന്തോഷിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു. പിന്നാലെ പിതാവും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്‌തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും ഇതാരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്.