വയനാട്: ഇരുളം ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ മാൻവേട്ട നടത്തിയ നാലംഗ സംഘടത്തെ വനംവകുപ്പ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് പുള്ളിമാനിൻ്റെ ജഡവും, ഒരു നാടൻ തോക്കും, 4 തിരകളും പിടിച്ചെടുത്തു.ചീയമ്പം ചെറിയ കുരിശിന് സമീപം റബ്ബർ തോട്ടത്തിൽ നിന്നും ഇന്നലെ രാത്രിയാണ് സംഘം പിടിയിലാകുന്നത്.
ചീങ്കല്ലേൽ ജോസ് മാത്യു, പുറത്തോട്ട് സിബി പി.എസ്. പുളിയംകുന്നേൽ രജി പി.ജെ. കണിയാംകൂടി എൽറോസ് കെ.എം എന്നിവരാണ് അറസ്റ്റിലായത്. വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ട പാഠക്കൽ ബിജുവിനായി തിരച്ചിൽ ഊർജിതമാക്കി. രാത്രി പട്രോളിംഗിനിടെ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്‌ദുൽ ഗഫൂറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സെക്ഷൻ ഫോറസ്സ് ഓഫീസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, സത്യൻ എം.എസ്. അഖിൽ അശോക്, ജിതിൻ വിശ്വനാഥ്, രഞ്ജിത്ത് സി.വി. രാഹുൽ ഇ.ആർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.