കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അതിനപ്പുറത്തേക്ക് സീറ്റ് സംബന്ധിച്ച് എത്രമാത്രം കടക്കാനാകും എന്നതും ചര്‍ച്ച ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ കെ ജെ ദേവസ്യയും തെക്കന്‍ മേഖലയില്‍ വി ടി ജോസഫും മധ്യകേരളത്തിലെ ജാഥയില്‍ താന്‍ ഉണ്ടാവുമെന്നാണ് ജോസ് കെ മാണി പറഞ്ഞു. അഞ്ചരവര്‍ഷക്കാലം മുമ്പാണ് കേരളകോണ്‍ഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്ന് കേരള കോണ്‍ഗ്രസ് എമ്മിന് ചെയ്യാന്‍ കഴിഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നും റബ്ബറിന്‍റെ താങ്ങുവില വർധിപ്പിക്കുന്നതിലും ഇടപെട്ടെന്ന് ജോസ് കെ മാണി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ചേർന്നത്.
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ അഞ്ച് ദിവസം അവിടെ താമസിച്ച് കേരള കോണ്‍ഗ്രസ് ഇടപെടല്‍ നടത്തി. ജാമ്യം ലഭിക്കുന്നത് വരെ ഇടപെട്ടു. കന്യാസ്ത്രീകള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതും ഈ സര്‍ക്കാരാണ്. സാംസ്‌കാരിക വിഷയത്തിലും മുനമ്പം വിഷയത്തിലും ഇടപെട്ടുവെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണ്. ഞങ്ങൾ നിലപാട് മാറ്റിയിട്ടല്ല ഇങ്ങോട്ട് വന്നത്. ചവിട്ടി പുറത്താക്കിയതാണ്. അതിന് ശേഷം ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ സഖാവും എൽഡിഎഫും ആണ്. അങ്ങനെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അഞ്ച് വർഷത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുമോയെന്നും ജോസ് കെ മാണി ചോദിച്ചു. നമ്മളെ ആവശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് യുഡിഎഫ് ഇപ്പോൾ വാതിൽ തുറന്നിട്ടത്. അത് എവിടെയും പറയാൻ വിഷമമില്ല. നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.