വയനാട്: കമ്പളക്കാട് വൻ കവർച്ചയ്ക്കുള്ള പദ്ധതിക്കിടെ 12 അംഗ ക്വട്ടേഷൻ സംഘത്തെ വയനാട് പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് അഞ്ചുകുന്ന് അറിഞ്ചാർമലയിലെ റെയിൻ വ്യൂ റിസോർട്ട് വളഞ്ഞാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ ഭൂരിഭാഗവും തൃശ്ശൂർ സ്വദേശികളാണ്. പത്തനംതിട്ട സ്വദേശിയും സംഘത്തിലുണ്ട്. നിഖിൽ നാഥ്, സാബു വിൽസൺ, പി.എ. ആൻസ്, റിനാസ്, ലെജിൻ, ധനേഷ്, സിജിൻ ദാസ്, പി. ശ്രീധർ, വി.എസ്. സുഹാസ്, ഗീവർഗീസ്, ശിവപ്രസാദ്, പി.ആർ. രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച വാടകയ്ക്കെടുത്ത കാറിൽ നിന്നും 6 ജോഡി വ്യാജ നമ്പർ പ്ലേറ്റുകൾ, ചുറ്റികകൾ, ടൂളുകൾ എന്നിവ പോലീസ് കണ്ടെടുത്തു. പിടിയിലായവർ വധശ്രമം, കവർച്ച, വഞ്ചന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. നിഖിൽ നാഥിനെതിരെ 17-ഓളം കേസുകളും, സാബുവിനെതിരെ കൊലപാതകമടക്കം 16 കേസുകളുമുണ്ട്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദ്ദേശപ്രകാരം കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വൻ കവർച്ചാ നീക്കം തകർത്തത്.