അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊല്ലം സ്വദേശി ദിനു(26)വാണ് മരിച്ചത്. മാധവ് മഹാദേവിനൊണ് കാണാതായത്. കൊല്ലത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. മറ്റ് അഞ്ചുപേരെ രക്ഷിച്ചു. തവാങ്ങിലെ തണുത്തുറഞ്ഞ സേല തടാകത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടം. തടാകത്തില്‍ മുങ്ങിയ സംഘാംഗത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദിനുവും മാധവും വെള്ളത്തില്‍ വീണത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
പൊലീസും സശസ്ത്ര സീമാബെലും ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വെളിച്ചക്കുറവുകാരണം മാധവിനായുള്ള തിരച്ചില്‍ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു. ദിനുവിന്റെ മൃതദേഹം ജാംഗ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രക്ഷപ്പെട്ട അഞ്ചുപേര്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്.