കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച സംഭാവനകൾ പണമായി നേരിട്ട് വിതരണം ചെയ്യാൻ കഴിയില്ലെന്ന് വയനാട് ജില്ലാ കളക്ടർ. മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ തുക പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുക. പണം വീതിച്ചു നൽകിയാൽ അത് സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നതിന് തുല്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുമ്പോൾ മാത്രമേ സർക്കാരിൻ്റെ കടമ പൂർത്തിയാകൂ. ഗുണഭോക്ത്യ പട്ടിക തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുത്ത് വരികയാണെന്നും റിപ്പോർട്ടിലുണ്ട്. ബത്തേരി സ്വദേശി അബ്ദുള്ളക്കുട്ടി നൽകിയ പരാതിയിലാണ് നടപടി. വാടകവീട്ടിൽ കഴിയുന്നവർക്ക് സർക്കാർ വാടക നൽകുന്നുണ്ടെന്നും, തിരഞ്ഞെടുപ്പ് പുനരധിവാസത്തെ ബാധിച്ചിട്ടില്ലെന്നും കളക്ടർ അറിയിച്ചു. റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ കേസ് തീർപ്പാക്കി.