കൊയിലാണ്ടി: അനധികൃത മത്സ്യബന്ധനത്തിന്റെ പേരില്‍ ഇന്നലെ പിടികൂടി കൊയിലാണ്ടിയിലെത്തിച്ച ബോട്ടുകളില്‍ നിന്നും പിഴ ഈടാക്കി. രണ്ട് ബോട്ടുകള്‍ക്കും രണ്ടരലക്ഷം വീതമാണ് പിഴചുമത്തിയത്. രണ്ട് കര്‍ണാടക രജിസ്‌ട്രേഷന്‍ ബോട്ടുകള്‍ കൊയിലാണ്ടിയിലും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു ബോട്ട് ബേപ്പൂരുമാണ് എത്തിച്ചത്. 6.9ലക്ഷം രൂപയാണ് മൂന്ന് ബോട്ടുകളില്‍ നിന്നാണ് പിഴയായി ഈടാക്കിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീന്‍പിടിച്ച രണ്ട് ബോട്ടുകള്‍ കൊയിലാണ്ടിയില്‍ എത്തിച്ചത്. ദക്ഷിണ കര്‍ണാടക സ്വദേശി എം.ബി അഷറഫിന്റെ നിഹാലി സാഗര്‍, മംഗളുരു സ്വദേശി സുനില്‍കുമാറിന്റെ ദുര്‍ഗാംബ എന്നീ രണ്ട് കൂറ്റന്‍ ബോട്ടുകളാണ് പിടികൂടിയത്. വന്‍തോതില്‍ നിരോധിത ലൈറ്റുകള്‍ ബോട്ടുകളില്‍ ഘടിപ്പിച്ചതായി പട്രോളിങ് സംഘം പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മീന്‍പിടിത്തം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് ഇവര്‍ പിടിയിലായത്.
ഇതിലുണ്ടായിരുന്ന മീന്‍ 70,000രൂപയ്ക്ക് ലേലം ചെയ്ത് സര്‍ക്കാറിലേക്ക് നല്‍കി. കേരള മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ട് പ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സുനീറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.