തൃശൂർ:കഠിനമായ ശാരീരിക വേദനകളോടും രോഗത്തോടും മല്ലിടുമ്പോഴും തളരാത്ത മനസ്സിനു മുന്നിൽ പരാജയങ്ങൾ വഴിമാറുമെന്ന് തെളിയിച്ചിരിക്കുകയാണ് സിയ ഫാത്തിമ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിങ്ങിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ സിയയുടേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ അടയാളമാണ്. 912-ാം നമ്പറുകാരിയായി മത്സരിച്ച സിയ, തന്റെ സർഗ്ഗശക്തിക്ക് മുൻപിൽ രോഗത്തിന് തടയിടാനാവില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.
ശരീരം കാർന്നുതിന്നുന്ന വേദനകൾക്കിടയിലും കലയെ കൈവിടാതെ കൂട്ടുപിടിച്ച സിയയ്ക്ക്, തന്റെ പ്രിയപ്പെട്ട ഇനത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഈ കഠിന സാഹചര്യത്തിലും മത്സരത്തിൽ പങ്കെടുക്കാനുള്ള സിയയുടെ ആഗ്രഹം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേക ഇടപെടൽ നടത്തി ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കുകയായിരുന്നു. മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓൺലൈനായി നേരിട്ട് കണ്ടത് സിയയ്ക്കും കുടുംബത്തിനും വലിയ ആവേശമായി
വീട്ടിലിരുന്ന് ഓൺലൈനായി പങ്കെടുത്ത മത്സരത്തിൽ ഓരോ വരകളിലും തന്റെ ആത്മവിശ്വാസം സിയ പകർത്തിവെച്ചു. ഒടുവിൽ ഫലം വന്നപ്പോൾ തിളക്കമാർന്ന ‘എ’ ഗ്രേഡ് സിയയെ തേടിയെത്തി. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ ലക്ഷ്യബോധത്തോടെ മുന്നേറാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും വലിയൊരു പാഠവും പ്രചോദനവുമാണ് സിയ ഫാത്തിമയുടെ ഈ അവിസ്മരണീയ വിജയം.