മലപ്പുറം:മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പൻ നജ്മൽ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വെച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു.