തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകളോളം ജോലി ചെയ്തിട്ടും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ സംഘടന മുന്നിട്ടിറങ്ങുന്നു. ഇന്ത്യൻ മീഡിയ അബുദാബിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി പി എസ് ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.
യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ മുപ്പത് വർഷത്തിലേറെ ജോലി ചെയ്തിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി വീട് നിർമ്മിക്കാൻ കഴിയാതിരുന്ന പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ഷംശുദീനാണ് ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവ്. കൃത്യമായ സാമൂഹിക-സാമ്പത്തിക പരിശോധനകൾക്ക് ശേഷമാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
പെരുമാതുറ മാടൻവിളയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളുടെയും മത-സാമൂഹിക നേതാക്കളുടെയും വലിയ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യൻ മീഡിയ പ്രസിഡന്റ് സമീർ കല്ലറ, സെക്രട്ടറി റാശിദ് പൂമാടം എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു.
ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹതീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി പ്രസിഡന്റ് നസീർ, സെക്രട്ടറി സുനിൽ, അബുദാബിയിലെ സാംസ്കാരിക പ്രവർത്തകരായ നാസർ വിളഭാഗം, അഹദ് വെട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
മാധ്യമപ്രവർത്തകരും വിപിഎസ് ഹെൽത്തും ചേർന്ന് നടത്തുന്ന ഈ കാരുണ്യ പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി കൈമാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. പ്രവാസലോകത്ത് കഷ്ടപ്പെടുന്ന അർഹരായ കൂടുതൽ ആളുകളിലേക്ക് വരും വർഷങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിക്കും.