തൊടുപുഴ: സംസ്ഥാന വഖ്ഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാക്കി സർക്കാർ ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. ഭരണപരമായ ചെലവുകൾക്കായി ബോർഡ് ആവശ്യപ്പെട്ട തുകയുടെ പകുതി പോലും അനുവദിക്കാതെ സർക്കാർ വട്ടംചുറ്റിക്കുന്നതായാണ് ആക്ഷേപം.
2025 - 26 സാമ്പത്തിക വർഷത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്റ് ഇനത്തിൽ 72 ലക്ഷം രൂപ ബോർഡ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിലവിൽ അനുവദിച്ചത് വെറും 25 ലക്ഷം രൂപ മാത്രമാണ്. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ആകെ 90 ലക്ഷം രൂപയാണ് വഖ്ഫ് ബോർഡ് ഗ്രാന്റ് ഇനത്തിൽ വകയിരുത്തിയിരുന്നത്. ഇതിൽ ആദ്യ ഗഡുവായി നൽകിയ 18 ലക്ഷം രൂപ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് അലവൻസുകൾക്കുമായി ഇതിനോടകം വിനിയോഗിച്ചു കഴിഞ്ഞു. ബാക്കിയുള്ള തുക അനുവദിക്കണമെന്ന് വഖ്ഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ആവശ്യപ്പെട്ടെങ്കിലും, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 25 ലക്ഷം രൂപ മാത്രമാണ് ലഭ്യമായിരിക്കുന്നത്. നിലവിൽ അനുവദിച്ച തുക ജീവനക്കാരുടെ വേതനത്തിനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കും ഒട്ടും തികയുന്നതല്ല. കഴിഞ്ഞ സാമ്പത്തിക വർഷം (2024 -25) ലഭിക്കാനുണ്ടായിരുന്ന 30.5 ലക്ഷം രൂപ ബോർഡിന് ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്ത 3.10 കോടി രൂപയുടെ അധിക ധനസഹായം സംബന്ധിച്ചും സർക്കാർ മൗനം പാലിക്കുകയാണ്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ചെലവുകൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ ബോർഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പ് ഡ്രോയിങ് ആൻഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസർ ബിൽ ഒപ്പിട്ട് സബ് ട്രഷറിയിൽ ഹാജരാക്കുന്നതോടെ തുക ലഭ്യമാകുമെങ്കിലും, ധനകാര്യ വകുപ്പിന്റെ 'വേയ്‌സ് ആൻഡ് മീൻസ്' നിയന്ത്രണങ്ങൾ തുക പിൻവലിക്കുന്നതിന് തടസമായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക നിയന്ത്രണങ്ങൾ വഖ്ഫ് ബോർഡ് പോലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്ന സ്ഥിതിയാണ്. വഖ്ഫ് സ്വത്തുക്കളുടെ പരിപാലനവും ഭരണവും നിർവഹിക്കേണ്ട ബോർഡ്, അർഹമായ ഫണ്ട് ലഭിക്കാതെ പ്രതിസന്ധിയിലാകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബോർഡിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചേക്കും.