വാഷിങ്ടൺ: ഗ്രീൻലൻഡ് വിഷയത്തിൽ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ താരിഫ് ചുമത്തി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു.കെ, നെതർലാൻഡ്, ഫിൻലൻഡ് എന്നീ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുന്ന വിരം ട്രൂത്ത് സോഷ്യൽ വഴിയാണ് അറിയിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരും. ഗ്രീൻലൻഡ് വിഷയത്തിൽ തങ്ങളുമായി ഒരു കരാറിൽ എത്തിയില്ലെങ്കിൽ ജൂൺ 1 മുതൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങൾക്ക് യു.എസ് സബ്സിഡി നൽകി വരികയാണെന്നും ലോക സമാധാനം അപകടത്തിലായതിനാൽ ഡെൻമാർക്ക് ഇപ്പോൾ തിരികെ നൽകേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്‍റെ നടപടിക്കെതിരെ യൂറോപ്യൻ യൂനിയൻ ഒരുമിച്ച് നിൽക്കുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ പറഞ്ഞു. ഗ്രീൻലൻഡ് വിഷയത്തിൽ തങ്ങളെ പിന്തുണക്കാത്ത രാജ്യങ്ങൾക്കു മേൽ അധിക താരിഫ് ചുമത്തുമെന്ന് ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം താരിഫ് ചുമത്തിയത്. ഇവയിൽ മിക്ക രാജ്യങ്ങളും യു.എസ് സഖ്യ കക്ഷികളുമായി അടുത്ത ബന്ധം ഉള്ളവയാണ്.