ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. കാഴ്ചപരിധി പൂജ്യം അടിയിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കഠിനമായ തണുപ്പിനൊപ്പം വായുനിലവാര സൂചിക ‘അതിഗുരുതര’ വിഭാഗത്തിലേക്ക് എത്തിയതോടെ നഗരം ശ്വാസം മുട്ടുകയാണ്.
ശക്തമായ മൂടൽമഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ കാര്യമായി ബാധിച്ചു. ഏകദേശം 35 ശതമാനം വിമാനങ്ങൾ പുറപ്പെടാനും 27 ശതമാനം വിമാനങ്ങൾ ഇറങ്ങാനും വൈകി. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സഫ്ദർജംഗിൽ കാഴ്ചപരിധി പൂജ്യം മീറ്ററും പാലത്തിൽ 100 മീറ്ററുമായിരുന്നു രേഖപ്പെടുത്തിയത്.
ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് സാരമായി ബാധിച്ചു. രാജധാനി, തുരന്തോ എക്സ്പ്രസ് ഉൾപ്പെടെയുള്ള ഡസൻ കണക്കിന് ട്രെയിനുകൾ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ഉപാസന എക്സ്പ്രസ്, സിക്കിം മഹാനന്ദ എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ ബറൈലി, ലഖ്നോ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിൽ കാഴ്ചപരിധി തടസ്സപ്പെട്ടു.