കൊച്ചി: കെ.എസ്.ആർ.ടി.സി സർവിസുള്ള ദേശസാത്കൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ഓടുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകേണ്ടതില്ലെന്ന് ഹൈകോടതി. 140 കി.മീ. ദൂരപരിധി പാലിക്കാതെതന്നെ പെർമിറ്റ് നൽകാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
241 സ്വകാര്യ ഓർഡിനറി ബസ് പെർമിറ്റുകളാണ് നിലവിൽ 140 കിലോമീറ്ററിലധികം ദൂരപരിധിയിൽ അനുവദിച്ചിട്ടുള്ളത്. 2009 മേയ് ഒമ്പതിനുമുമ്പ് പെർമിറ്റുള്ള സ്വകാര്യ സർവിസുകാർക്ക് പെർമിറ്റ് പുതുക്കിനൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.