കൊച്ചി:എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. കഴിഞ്ഞ വ്യാഴ്‍ഴ്ച വൈകുന്നേരം 3.40ന് ആണ് സംഭവം. ദേശാഭിമാനി റോഡിലാണ് അപകടം നടന്നത്. ഇടിച്ചശേഷം നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ദീക്ഷിതയെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ദീക്ഷിത ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.
സ്കൂളില്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. പിറകില്‍ നിന്നും പാഞ്ഞു വന്ന കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ആന്തരിക രക്തസ്രാവമുണ്ട്. അപകടത്തില്‍ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിര്‍ത്താതെ പോയ കാര്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അപകടമുണ്ടായപ്പോള്‍ ഒന്ന് വേഗം കുറച്ചശേഷം കാര്‍ വേഗത്തില്‍ പിന്നീട് ഓടിച്ചുപോകുന്നത് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സംശയമുള്ള ചില വാഹനങ്ങളുടെ ഉടമകളോട് ഇന്ന് സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചു.