കോഴിക്കോട്: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത നാർക്കോട്ടിക് കേസുകളിലും പോക്‌സോ കേസുകളിലും ശാസത്രീയ പരിശോധനാ ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും. ഇതിനാവശ്യമായ തസ്തികൾ മുഴുവനായി സർക്കാർ അനുവദിക്കാത്തതാണ് കാരണം.
ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ സുഗമമായ പ്രവർത്തനത്തിനും സമയബന്ധിതമായി പരിശോധനകൾ പൂർത്തിയാക്കുന്നതിനും അധിക തസ്തിതകൾ സൃഷ്ടിക്കണമെന്ന ഡി.ജി.പിയുടെ റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പ് പൂർണമായും പരിഗണിക്കാതിരുന്നത്. ഏറ്റവും അടിയന്തരമായി ബയോളജി വിഭാഗത്തിൽ എട്ട് സയന്റിഫിക് ഓഫിസർമാരേയും കെമിസ്ട്രി വിഭാഗത്തിൽ ഏഴ് ഓഫിസർമാരേയും ഡോക്യുമെന്റ്‌സ് വിഭാഗത്തിൽ 16 ഓഫിസർമാരേയും ഉൾപ്പെടെ 31 തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ഡി.ജി.പി ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ട്. എന്നാൽ ബയോളജി വിഭാഗത്തിൽ മൂന്നും കെമിസ്ട്രി വിഭാഗത്തിൽ നാലും ഡോക്യുമെന്റ് വിഭാഗത്തിൽ അഞ്ചും ഉൾപ്പെടെ 12 തസ്തിതകൾ സൃഷ്ടിക്കാൻ മാത്രമാണ് സർക്കാർ അനുമതി നൽകിയത്. ഇതോടെ കെട്ടികിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിൽ ഇനിയും കാലതാമസം നേരിടേണ്ടതായി വരും. കേസിൽ നിർണായക തെളിവുകളായ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാത്തിനാൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് സാധിക്കില്ല. ഇതോടെ പ്രതികൾ കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്യും.
2024 വരെയുള്ള കണക്കുകൾ വ്യക്തമാക്കിയാണ് ഡി.ജി.പി പുതിയ തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 7296 കേസുകളാണ് പരിശോധനകാത്ത് കിടക്കുന്നത്. അതിൽ പോക്‌സോ കേസുൾപ്പെടെ എല്ലാ കേസുകളും പരിശോധിക്കുന്നതിനായി ബയോളജി, ഡി.എൻ.എ, സൈബർ ഡിവിഷനുകളിൽ അസി.ഡയരക്ടരും സയിന്റിഫിക് ഓഫിസർമാരുമുൾപ്പെടെ 80 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. ഇതിന് പുറമേ എൻ.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത 4054 കേസുകളും പരിശോധിക്കാനുണ്ട്. ഇതിനായി കെമിസ്ട്രി, നാർക്കോട്ടിക്‌സ്, എക്‌സ്‌പ്ലോസീവ്‌സ് ഡിവിഷനുകളിൽ 40 ഓഫിസർമാർ മാത്രമാണുള്ളത്. 2018 ൽ 134 ഉദ്യോഗസ്ഥരായിരുന്നു സംസ്ഥാനത്തെ ഫൊറൻസിക് ലാബിലുണ്ടായിരുന്നത്. ഈ കാലഘട്ടത്തിൽ 6506 കേസുകളാണ് പരിശോധനയ്ക്കായെത്തിയത്. 2019 ൽ കേസുകളുടെ എണ്ണം 7335 ആയിരുന്നത് 2020 ൽ 8062 ആയും 2021 ൽ 11368 ആയും വർധിച്ചു. 2022ൽ 13,273 ഉും 2023ൽ 13,759 ഉും ആയിരുന്നു കേസുകൾ. എന്നാൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചില്ല. 2024 ൽ 29 ജീവനക്കാരുടെ തസ്തികകൾ വർധിപ്പിച്ചതോടെ എണ്ണം 163 ആയി. ഈ കാലഘട്ടത്തിൽ കേസുകളുടെ എണ്ണം 16,222 ആയിരുന്നെന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്‌ടോബറിൽ ഡി.ജി.പി തസ്തിക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്നാണ് ഈ മാസം തസ്തിക വർധിപ്പിച്ചത്.