പാലക്കാട്:സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ(29) ആണ് മരിച്ചത്. വാണിയംകുളം വെള്ളിയാട് സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാർസലോണ ഫാൻസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു അജിത്ത്. ഇതേ ഗ്രൂപ്പിൽ അംഗമായിരുന്ന ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വിവിധ ജില്ലക്കാരായ പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. വിവരം അറിഞ്ഞ ഉടൻ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി. ഉടൻ തന്നെ അജിത്തിനെ പാലക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.