തൊട്ടിൽപ്പാലം:കോഴിക്കോട് തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത അറുപതുപേർ ചികിത്സയിൽ. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു തൊട്ടിൽപ്പാലം സ്വദേശി മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിൽ വിവാഹം നടന്നത്.
ഇതിന്റെ സൽക്കാരത്തിൽ പങ്കെടുത്ത അറുപത് പേർക്കാണ് ശാരീരികഅസ്വസ്ഥതകൾ ഉണ്ടായത്. ഇതിൽ നാൽപ്പത്തിഅഞ്ച് പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം.
വിവാഹവീട്ടിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്ന് ഉണ്ടായതാണെന്നാണ് പ്രാഥമികനിഗമനം . അതിനാൽ സ്ഥലത്തെ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിലവിൽ ആശുപത്രിയിൽ ചികിത്സതേടിയവർക്ക് ഛർദിയും മറ്റ് ശാരീരികബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.