കോഴിക്കോട് : ഹരിതകർമസേന സംസ്കരിക്കാനായി ശേഖരിച്ച അജൈവ മാലിന്യത്തിലേക്ക് രഹസ്യമായി ചാക്കിൽ മാലിന്യം തള്ളിയ രണ്ട് കച്ചവടക്കാർക്ക് കോർപറേഷൻ 25,000 രൂപ വീതം പിഴയിട്ടു. പാളയം ഹെൽത്ത് സർക്കിൾ പരിധിയിലാണ് സംഭവം. ഇതിനടുത്ത് ഹരിതകർമ സേന കൂട്ടിവച്ച മാലിന്യത്തിലേക്ക് സമീപത്തെ സ്‌പായിൽ നിന്നുള്ള മാലിന്യങ്ങളും തുണിത്തരങ്ങളും 30-ഓളം ചാക്കിൽ തള്ളുകയായിരുന്നു. സ്പാ നടത്തിയ രഞ്ജു മോൾ, കച്ചവടക്കാരനായ മുഹമ്മദ് യാസിൻ ഖത്രി എന്നിവർക്കാണ് പിഴ ചുമത്തിയത്. ഇവർ പണമടച്ചു.
അനുമതിയില്ലാതെ അജൈ വമാലിന്യം ശേഖരിക്കാൻ പോയ ഒരു വാഹനവും പിടിച്ചെടുത്തു. ഇതിന് ടെൻഡർ വഴിയാണ് കോർപറേഷൻ കരാർ നൽകുന്നത്. കരാർ നൽകാത്ത ഒളവണ്ണയി ലെ ‘പ്ലാസ്റ്റോ’ എന്ന ഏജൻസി ജൈവമാലിന്യം ശേഖരിക്കുന്നതായി പരാതി ഉണ്ടായിരുന്നു. പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് വാഹനം പിടിച്ചെടുത്തത്.
വാഹനം ആർഡിഒയ്ക്ക് കൈമാറും. നേരത്തെയും സമാന കേസിൽ ഇവർക്ക് പിഴയിട്ട സാഹചര്യത്തിലാണ് നടപടി.