തിരുവനന്തപുരം:കോഴിയിറച്ചി വില കുത്തനെ ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിൽ കിലോയ്ക്ക് 180 രൂപയാണ് വില. ഈ വിലയ്ക്കു ഇറച്ചി വാങ്ങി വിഭവങ്ങൾ തയാറാക്കാനാവില്ലെന്നാണ് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. ഇതോടെ ബിരിയാണി, അൽഫാം അടക്കമുള്ള വിഭവങ്ങൾക്ക് വില കൂടുമോയെന്ന ആശങ്കയേറി. കോഴി വളർത്തലിന് സബ്സിഡി ഇല്ലാത്തതിനാൽ കോഴി ഫാം നടത്തിപ്പുകാരും പ്രതിസന്ധിയിലാണ്.
ഫാമുകൾക്ക് വേണ്ടി നിർമിക്കുന്ന ഷെഡുകൾക്ക് പോലും വലിയ വീടുകളുടെ കെട്ടിട നികുതിയാണത്രെ ഈടാക്കുന്നത്. ഇതിന് പുറമേ കോഴിത്തീറ്റ വാങ്ങുന്നതിനു സബ്സിഡി പോലും ലഭിക്കുന്നില്ല. തമിഴ്നാട്ടിലെ കോഴിഫാമുകളിലെ സമരമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് പറയപ്പെടുന്നത്. ഇത് കേരളത്തിലേക്കുള്ള കോഴിയുടെ വരവിനെ ബാധിച്ചു. കർണാടകയിൽ നിന്ന് കോഴികൾ വരുന്നുണ്ടെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും ഉള്ള പ്രതിസന്ധി മുതലെടുത്ത് ഇവർ വലിയ വിലയാണ് ഈടാക്കുന്നതത്രെ.
180 രൂപയ്ക്ക് കോഴിയിറച്ചി വാങ്ങി 170 രൂപയ്ക്ക് എങ്ങനെ ചിക്കൻ ബിരിയാണി നൽകാൻ കഴിയും എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ ചോദിക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയർ വേളയിലാണ് ബിരിയാണിയുടെ വില വർധിപ്പിച്ചത്. ഇനിയും വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. അത് കൊണ്ട് ബിരിയാണി ഉണ്ടാക്കാതിരിക്കുക എന്നത് മാത്രമേ വഴിയുള്ളുവെന്നാണ് കച്ചവടക്കാർ പറയുന്നത്.