ദീപക്കിന്റെ വീട് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ്, ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, ത്വാഹ യമാനി മാറാട്, അബ്ദു റഹീം ആനകുഴിക്കര എന്നിവർ സന്ദർശിക്കുന്നു.
കോഴിക്കോട്: ദീപകിന്റെ മരണത്തെ ബന്ധപ്പെടുത്തി വർഗീയ മുതലെടുപ്പിനായി ശ്രമിക്കുന്നവർക്കെതിരെ സമൂഹവും സർക്കാറും ജാഗ്രത പുലർത്തണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാടും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗത്തിലൂടെ വ്യക്തികൾ സൃഷ്ടിക്കുന്ന ദുരന്തമാണിതെന്നും ഏതെങ്കിലും സംഘത്തിൻറെ ആസൂത്രിത പദ്ധതിയോ ഗൂഢാലോചനയോ സംഭവത്തിന് പിന്നിൽ ഉള്ളതായി സംശയിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ ഇതിനെ വിഭാഗീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. സോഷ്യൽ മീഡിയ വഴി പടർന്നുപിടിക്കുന്ന വിവിധതരം സാമൂഹിക ദുരാചാരങ്ങളുടെയും ദുഷ്പ്രവണതകളുടെയും പരിണതഫലമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.
ഇതിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിച്ചുള്ള ജാഗ്രതയാണ് പുലർത്തേണ്ടത്. സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി എന്തുമാകാമെന്ന അവസ്ഥ സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് സമൂഹത്തിൽ കാണുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ സാമൂഹിക ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്. നിയമപരമായി ഇതിനെ എങ്ങിനെ തടയാമെന്നും സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യണം. മരണം നൽകിയ വേദനയിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതിന് പകരം, സംഭവത്തെ വർഗീയവൽക്കരിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന തൽപ്പര കക്ഷികളെ തിരിച്ചറിയണമെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദീപക്കിന്റെ വീട് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ്, ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, ത്വാഹ യമാനി മാറാട്,അബ്ദു റഹീം ആനകുഴിക്കര എന്നിവർ സന്ദർശിച്ചു