ഗസ്സ:വെടിനിർത്തലിന് ശേഷം ആദ്യമായി ഗസ്സയിലെ ജനങ്ങൾക്ക് നിർബന്ധ ഒഴിഞ്ഞുപോകൽ നിർദേശം നൽകി ഇസ്‌റാഈൽ. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് കിഴക്കുള്ള ബനി സുഹൈലയിലെ ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ഇസ്‌റാഈൽ സൈന്യം നിർദേശം നൽകിയത്. തിങ്കളാഴ്ച വിമാനമാർഗം നോട്ടിസ് വിതറുകയായിരുന്നു. തൊട്ടടുത്തുള്ള അൽ റഖബിൽ ടെന്റിൽ കഴിയുന്നവർക്കും നിർദേശമുണ്ട്.
വെടിനിർത്തൽ കരാറിന്റെ ലംഘനമാണിത്. ഈ പ്രദേശം ഇസ്‌റാഈൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും എത്രയും വേഗം സ്ഥലം ഒഴിയണമെന്നുമാണ് അടിയന്തര സന്ദേശം എന്ന നോട്ടിസിലുള്ളത്.
അറബിക്, ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിലാണ് നോട്ടിസ്. ഗസ്സയിലെ വെടിനിർത്തൽ ഒന്നാംഘട്ടം പൂർത്തിയായതായും രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും യു.എസ് പറഞ്ഞിരുന്നു. ഗസ്സയിൽ സമാധാന സമിതി ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ഇസ്‌റാഈലിന്റെ നിർദേശം.
ഇതിനിടെ, അധിനിവിഷ്ട ജറുസലേമിലെ ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ സഹായ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഷെയ്ഖ് ജറായിലെ കെട്ടിടം ഇസ്‌റാഈൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. തങ്ങളുടെ ജീവനക്കാരെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം കെട്ടിടം തകർക്കുകയായിരുന്നുവെന്ന് യു.എൻ.ആർ.ഡബ്ല്യു.എ പ്രസ്താവനയിൽ പറഞ്ഞു.